ശ്രീനഗർ: പ്രണയിനിയെ നേരിൽ കാണാനും ഒപ്പം ജീവിക്കാനുമായി അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് യുവാവിനെ സൈന്യം തിരിച്ചയച്ചു. കഴിഞ്ഞ മേയിൽ നിയന്ത്രണ രേഖ കടക്കുന്നതിനിടെ പിടിയിലായ പാക്ക് അധിനിവേശ കാഷ്മീർ സ്വദേശിയായ 22 കാരൻ സീഷാൻമിറിനെയാണ് ശനിയാഴ്ച ഇന്ത്യൻ സൈന്യം പാക്കിസ്ഥാന് കൈമാറിയത്.
സൈന്യത്തിന്റെ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ബാരാമുള്ളയിലെ തുൽവാരി ഗ്രാമത്തിലെ യുവതിയുമായാണ് സീഷാൻമിർ സമൂഹമാധ്യമത്തിലൂടെ പ്രണയത്തിലായത്. തന്റെ കുടുംബത്തിലെ കഷ്ടപ്പാടുകളും സാമ്പത്തിക ബാധ്യതകളും യുവാവ് പങ്കുവെച്ചപ്പോൾ യുവതിയാണ് ഇന്ത്യയിലേക്ക് പോരാൻ ആവശ്യപ്പെട്ടത്.
അതിർത്തി കടന്നാലുടൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങാനും, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിനുള്ള ശിക്ഷ പൂർത്തിയാക്കിയ ശേഷം ഒരുമിച്ച് ജീവിക്കാമെന്നുമായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാൽ മേയ് 31ന് ഉറി സെക്ടറിലൂടെ നിയന്ത്രണ രേഖ കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ സൈന്യം യുവാവിനെ പിടികൂടുകയായിരുന്നു.
യുവാവിന്റെ മൊഴി സത്യമാണോ എന്നറിയാൻ യുവതിയിൽനിന്നും സൈന്യം വിവരങ്ങൾ തേടിയിരുന്നു. എന്നാൽ കാമുകനെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു യുവതിയുടെ അഭ്യർഥന. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് യുവാവിനെ ജന്മനാട്ടിലേക്ക് തന്നെ മടക്കി അയച്ചത്.